Chairman Message

കേരളത്തിന്റെചരിത്രത്തില്‍ വലിയ പാരമ്പര്യമുളള പ്രദേശമാണ് മലബാര്‍. കൊളോണിയല്‍ ആധുനികത കേരളത്തിലേക്ക് കടന്നുവരുന്നതിന് മുമ്പുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങള്‍ മലബാർ സ്ഥാപിച്ചിട്ടുണ്ട്. വ്യത്യസ്ത ഭരണപ്രദേശങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും മലബാറും ലയിച്ചാണ് ഐക്യകേരളം നിലവില്‍ വന്നത്. തിരുവിതാംകൂറും കൊച്ചിയും ഏകദേശം ഒരേ സംസ്കാരവും സ്വഭാവവുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള അക്രമങ്ങളൊന്നും ഇരു നാട്ടുരാജ്യങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടില്ല. അതുകണ്ട് തന്നെ ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പേ ഈ രണ്ട് നാട്ടുരാജ്യങ്ങള്‍ ലയിച്ച് തിരുകൊച്ചി എന്ന പുതിയ ഭരണ മേഖലയായി മാറാന്‍ സാധിച്ചു. തിരുകൊച്ചിയില്‍ നിന്നും ഏറെ വ്യതിരക്തമായിരുന്നു മലബാറിലെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും. ബ്രിട്ടീഷ്ഭരണത്തിലുടനീളം മലബാറിലെ ജനങ്ങള്‍ ഭരണകൂട ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായി. ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന മലബാറിലെ ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയായിരുന്നു അധിനിവേശകര്‍ നേരിട്ടത്. ബ്രിട്ടീഷുകാരെ സ്വസ്ഥമായി ഭരിക്കാന്‍ മലബാറിലെ ജനത അനുവദിച്ചില്ല. അതുകൊണ്ടു തന്നെ ഭരണകൂടം അവര്‍ക്ക് സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുത്തില്ല. ബ്രിട്ടീഷുകാരോട്‌യോജിപ്പിലെത്തി ഭരണം നടത്തിയിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സാമൂഹികാവസ്ഥ മലബാറില്‍ നിന്നും വ്യത്യസ്തമായതായി കാണാം. ഒട്ടേറെ ഗവണ്‍മെന്റ് പദ്ധതികളും സംവിധാനങ്ങളും വിദ്യാലയങ്ങളും കലാലയങ്ങളുംആ നാട്ടുരാജ്യങ്ങളിലുായിരുന്നു. കേരളത്തിന്റെഇതര മേഖലകളുമായി, തിരുവിതാംകൂറും കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചരിത്രപരമായി തന്നെ മലബാര്‍ വികസന വിവേചനത്തിനു ഇരയായിട്ടുണ്ടെന്നു വ്യക്തമാണ്. വിവിധ പഠനങ്ങള്‍ ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. 2006 ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ‘കേരള പഠനം' ഈ പിന്നാക്കാവസ്ഥയുടെ നേർചിത്രം വരച്ച് കാട്ടുന്നുണ്ട്. വിദ്യാഭ്യാസസൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ പൊതു നിലവാരത്തില്‍ നിന്ന് മലബാര്‍ എങ്ങനെ പിറകില്‍ നില്‍ക്കുന്നുവെന്നത്‌ കേരളം ഗൗരവപൂര്‍വ്വം ഇതിനകം ചര്‍ച്ച ചെയ്തതാണ്. എന്നാലോ പരിഹാര മാര്‍ഗങ്ങളൊന്നും ഫലപ്രദമാകാതെ പിന്നാക്കാവസ്ഥ തുടരുകയുമായാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിൻ്റെ പരിതാപകരമായ പതിതാവസ്ഥ കൃത്യമായി പഠിച്ച് അവതരിപ്പിച്ച മറ്റൊരു റിപ്പോർട്ടാണ് ജസ്റ്റിസ് രജീന്ദർ സച്ചാറിൻ്റേത്. സച്ചാര്‍കമ്മീഷന്‍ റിപ്പോര്‍ട്ടും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനവും കോറിയിട്ട ദയനീയ ചിത്രങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തി. എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന് മനസ്സിലുറപ്പിച്ചു. ആ ചിന്തയുടെഫലമായിരുന്നു യഥാര്‍ത്ഥത്തില്‍ ഫാപിന്‍സ്. മലബാറിന്റെ വിദ്യഭ്യാസ-സാമൂഹിക പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനുള്ള വിവിധ പദ്ധതികള്‍ വിഭാവനം ചെയ്ത്‌നടപ്പിലാക്കുകയാണ് ഫാപിന്‍സ് ചെയ്ത് വരുന്നത്. മുഴുവൻ ജനവിഭാഗങ്ങളുടെയും സാമൂഹിക മുന്നേറ്റം സാധ്യമാകുമ്പോൾ മാത്രമാണ് രാജ്യം പുരോഗതി പ്രാപിച്ചുവെന്ന് പറയാൻ കഴിയുക. സാമ്പ്രദായിക രീതികളില്‍നിന്ന് മാറി കാലത്തിന്റെയും സമൂഹത്തിന്റെയും തേട്ടങ്ങള്‍ക്കനുസൃതമായ കാലികമായ സംരഭങ്ങളാണ് ഫാപിന്‍സ് മുന്നോട്ട് വെക്കുന്നത്. സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന സമാനമനസ്‌കരായ സുമനസ്സുകളുടെയും മനശാസ്ത്ര വിദഗ്ധരുടെയും ചിന്തകരുടെയും കൂടിയാലോചനയിലൂടെയാണ് ‘ഫാപിന്‍സ്’പിറവിയെടുക്കുന്നത്. സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജനവിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാനായി വിവിധ പദ്ധതികള്‍ ആസൂത്രണംചെയ്യുക,മനശാസ്ത്ര രംഗത്തെ നിരവധിസേവനങ്ങള്‍ ജനകീയവല്‍ക്കരിക്കുകയും അതുവഴിസാമൂഹികാരോഗ്യവും വളര്‍ച്ചയും ഉണ്ടാക്കിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ പാപിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസിറ്റീവ് ഹെല്‍ത്ത്& സൈക്കോളജിക്കല്‍ സൊലൂഷന്‍സ് 2006 മാര്‍ച്ചില്‍ സ്ഥാപിതമായി. സാമൂഹിക മാറ്റങ്ങള്‍യാഥാര്‍ത്ഥ്യമാക്കാനായി നിരവധി പഠനങ്ങള്‍ക്കും പദ്ധതികള്‍ക്കും ഫാപിന്‍സ്നേതൃത്വം നല്‍കുന്നു. പൊതു പ്രവര്‍ത്തനരംഗത്ത് ഏറ്റവും വലിയ പ്രചോദനമായത് വന്ദ്യപിതാവ് മർഹൂം വി.പി.എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ തന്നെയാണ്. മത- ഭൗതിക വിദ്യങ്ങളുടെ പ്രചാരകനും പ്രവർത്തകനുമായിരുന്നു അദ്ദേഹം. 1984 ൽ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് നൽകി സർക്കാർ അദ്ദേഹത്തെ ആദരിച്ചു. അന്ന്, സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നതിങ്ങനെ: 'ചുരുക്കിപ്പറഞ്ഞാൽ, ശ്രീ അസീസിൻ്റെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ സേവനങ്ങളാണ് അദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്. ആദർശബോധമുള്ള ഒരു അധ്യാപകൻ, സാമൂഹിക സേവകൻ, സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ പ്രവർത്തകൻ, മത പരിഷ്കർത്താവ്, ഹരിജനോദ്ധാരകൻ എന്നീ നിലകളിൽ ശ്രീമാൻ അസീസ് സ്മരണീയവും സ്ത്യുതർഹവുമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.' സർക്കാർ ഈ സർട്ടിഫിക്കറ്റ് നൽകുന്ന കാലത്ത് അദ്ദേഹം, കേരളത്തിലെ ഏറ്റവും പ്രബല മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാഭ്യാസ വിഭാഗമായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ സെക്രട്ടറി കൂടിയായിരുന്നു. കേരളത്തിലെപ്രാഥമിക മതവിദ്യഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിന് സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മദ്രസ സംവിധാനത്തെ കാലോചിതമായി അവതരിപ്പിക്കുന്നതിന് ബൗദ്ധിക സംഭാവനകള്‍ അര്‍പ്പിക്കുന്നതോടൊപ്പം നീണ്ട പത്തറുപത് വര്‍ഷം വിശ്രമമില്ലാതെ മദ്രസ സംവിധാനത്തിന്റെ പ്രചാരകനായി. രാപകല്‍ ഭേദമന്യേ ദൂരദേശങ്ങളില്‍ സഞ്ചരിച്ചു. മദ്രസ സംവിധാനത്തില്‍ അധ്യാപകപരിശീലനം പരിചയപ്പെടുത്തിയതും രൂപപ്പെടുത്തിയതും അദ്ദേഹമായിരുന്നു. മര്‍ഹൂംഅത്തിപ്പറ്റ ഉസ്താദ് അടക്കമുളള തലമുറകളായുള്ള മുഅല്ലിമുകളുടെ ട്രൈനറായിരുന്നു അദ്ദേഹം. ഫാപിന്‍സിന്റെ പ്രാരംഭം അദ്ദേഹത്തിന്റെപ്രാര്‍ത്ഥനയിലും പിന്തുണയിലുമായിരുന്നു. 1995 ല്‍ പ്രവാസ ജീവിതം മതിയാക്കി ഗള്‍ഫ് വിട്ട് തിരിച്ചുവരുമ്പോള്‍ വിദ്യഭ്യാസപരമായി എന്തെങ്കിലും ചെയ്യണമെന്ന് ഈയുള്ളവന് ഏറെ ആഗ്രഹമുണ്ടാ ണ്ടായിരുന്നു.അതിന്റെ പ്രധാനകാരണം വിദ്യഭ്യാസക്കുറവും തൊഴിലില്ലായ്മയും സൃഷ്ടിച്ച പുതിയ തലമുറയുടെ പിന്നാക്കാവസ്ഥയായിരുന്നു. പൊതുപ്രവര്‍ത്തനവും സാമൂഹികസേവനവുമായി മുന്നോട്ട് പോകാന്‍ പ്രചോദനമായ രണ്ട് വ്യക്തിത്വങ്ങളെ, ലെജന്റുകള്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്ന രണ്ട് പേരെ അനുസ്മരിക്കാതിരിക്കാനാവില്ല. രണ്ട് പേരും ഇന്ന് നമ്മോടൊപ്പമില്ല. പക്ഷേ, അവരുടെ ഓര്‍മകള്‍ നമുക്ക് വഴികാട്ടുന്നു. ഡോ.കെ.എം അബൂബക്കര്‍ സാറാണ് അവരിലൊരാൾ. അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ എം.സ്.സി(കെമിസ്ട്രി)യും ഫിസിക്കല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി.യും നേടിയ അദ്ദേഹം ഫാറൂഖ് കോളേജില്‍ ഫാക്കല്‍റ്റി മെമ്പറായി ഔദ്യോഗികജീവിതമാരംഭിച്ചു. 1988ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ബാബ ആറ്റോമിക്‌ റിസര്‍ച്ച് സെന്ററി(BARC)ലെ സീനിയര്‍ സയന്റിസ്റ്റായാണ്‌വിരമിക്കുന്നത്. ബാര്‍ക്കിലായിരിക്കെ അവിടുത്തെ ജോലിക്കാരുടെ മക്കളുടെ വിദ്യഭ്യാസ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആറ്റോമിക് എനര്‍ജി എഡ്യുക്കേഷന്‍സൊസൈറ്റി(AEES) സ്ഥാപക മെമ്പര്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.മുവായിരം വിദ്യാര്‍ത്ഥികളും മുന്നൂറിലേറെ സ്റ്റാഫും ഇന്ത്യയിലെ പതിനൊന്ന് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന നിരവധി സ്ഥാപനങ്ങളും അടങ്ങിയ ഈ ബൃഹത്തായ സംവിധാനത്തിന്റെ മുഴുവന്‍ കാര്യങ്ങളും കൈകാര്യംചെയ്തിരുന്നത് അദ്ദേഹമായിരുന്നു. മാനസിക വളര്‍ച്ച എത്താത്ത കുട്ടികള്‍ക്കായിസപെഷ്യല്‍ സ്‌കൂളും ബാര്‍ക്കിലായിരിക്കെ അദ്ദേഹം സ്ഥാപിച്ചു. 1969 ല്‍ മുംബെയില്‍ രൂപംകൊണ്ട രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സംഘടന 'സൊസൈറ്റി ഫോര്‍ ക്ലീന്‍ എന്‍വിറോണ്‍മെന്റി'ന്റെ സ്ഥാപക ട്രഷററായിരുന്നു അദ്ദേഹം. അധ്യാപകന്‍,ഗവേഷകന്‍, ശാസ്ത്രജ്ഞന്‍,അക്കാദമീഷന്‍,രചയിതാവ്,അഡ്മിനിസ്‌ട്രേറ്റര്‍,സോഷ്യല്‍ എഞ്ചിനീയര്‍,വിവിധ സ്ഥാപനങ്ങളുടെ സംസ്ഥാപകന്‍,മോട്ടിവേറ്റര്‍,മെന്റര്‍, ഇന്നവോറ്റര്‍...ഇതെല്ലാമായിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു അബൂബക്കര്‍ സാര്‍. ഇത്രയും ഹൈപ്രൊഫൈല്‍ ഉളള വ്യക്തി തന്റെ റിട്ടയര്‍മെന്റിന് ശേഷം വിശ്രമ ജീവിതം നയിക്കുന്നതിന് പകരം സമൂഹത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു എന്നതാണ്എന്നെ ആകര്‍ഷിച്ച പ്രധാനഘടകം. പത്ത് വര്‍ഷത്തിലേറെ ബാര്‍ക്കിലെഎഡ്യുക്കേഷന്‍ സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായിരുന്ന അനുഭവങ്ങളുടെപശ്ചാത്തലത്തില്‍ കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിങ് മേഖലയില്‍ സകല സന്നാഹങ്ങളോടും കൂടിയ,ഫുള്‍ഫ്‌ളെഡ്ജ്ഡ് ആയിട്ടുള്ള ഒരു സംഘടന രൂപീകരിക്കുന്നതിനെ കുറിച്ചാണ് ബാര്‍ക്കില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കൂലങ്കഷമായി ചിന്തിച്ചത്. കേരളത്തിലേക്ക് തിരിച്ച് വന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകരുമായും വിദ്യഭ്യാസ വിചക്ഷണന്മാരുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി. അവയുടെ ഫലമായാണ് 01-01-96ന്‌, നാല്പതാമത് കേരളപിറവി ദിനത്തില്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ്ഓഫ് ഇന്ത്യ (സിജി) രൂപം കൊള്ളുന്നത്. സിജിയുടെ സ്ഥാപക ഡയറക്ടറായിരുന്നു അദ്ദേഹം.സമ്മോഹനമായ ഒരു ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ച് വിശ്രമിക്കേണ്ട സമയത്തും സമൂഹത്തിന് വേണ്ടി ഉണര്‍ന്നിരിക്കുകയും ഉയര്‍ന്ന് ചിന്തിക്കുകയും സാധാരണക്കാരില്‍ സാധാരണക്കാരനെ പോലെ കര്‍മനിരതനാവുകയും ചെയ്ത അദ്ദേഹത്തിന്റെ ഓര്‍മകള്‍ നമുക്ക് വലിയ ഊര്‍ജ്ജമാണ്. ഫാപിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷാപൂര്‍വ്വം നോക്കി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹാനായിരുന്നു അബൂബക്കര്‍ സാര്‍. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ പോലും അദ്ദേഹം ഫാപിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ധേഹത്തിന്റെമരുമകന്‍ അഡ്വ.ഇസ്സുദ്ധീന്‍ ഈയിടെ അനുസ്മരിക്കുകയുായി. മറ്റൊരാള്‍ ഡോ.യുബാപ്പുട്ടിഹാജി(ചെമ്മാട്)യാണ്.വിശ്വവിശ്രുതമായ ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെസ്ഥാപകന്‍. മലപ്പുറം ജില്ലയിലെ ചെമ്മാട്ടെ കുറിതെറ്റാത്തൊരു ആര്യവൈദ്യന്‍, ഒരുസാധാരണക്കാരന്‍, തുല്യതയില്ലാത്ത ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ പ്രോല്‍ഘാടകനായതതെങ്ങെനെ എന്ന് പലപ്പോഴും വിസ്മയത്തോടെ ചിന്തിച്ചിട്ടുണ്ട്.പ്രതിബന്ധങ്ങളുടെ പര്‍വതങ്ങളെ ധൂമികളാക്കാന്‍ കഴിയുന്ന മനക്കരുത്തായിരുന്നു അദ്ദേഹത്തിന്റെ ശക്തി. സമന്വയ വിദ്യഭ്യാസ രംഗത്തേക്ക് കേരളീയമുസ്ലിം സമൂഹത്തെ വഴിനടത്തിയവരില്‍ പ്രധാനിയായിരുന്നു ഡോ.യു ബാപ്പുട്ടി ഹാജി. സമന്വയവിദ്യഭ്യാസത്തെ കുറിച്ച് അധികമാരും ചിന്തിക്കാത്ത കാലത്ത് അത്തരമൊരു സമ്പ്രദായം നടപ്പില്‍ വരുത്തി തന്റെ വിദ്യാര്‍ത്ഥികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഒരിക്കലും നടക്കില്ലെന്ന് പൊതുസമൂഹം വിലയിരുത്തുന്ന വലിയൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിക്കാന്‍ പ്രചോദനമായത്‌ ഡോ.യു ബാപ്പുട്ടിഹാജിയുടെ ജീവിതമാണ്.ഫാപിന്‍സ് പോലോത്ത ഒരു സ്ഥാപനം സാധ്യമാവുമോഎന്ന് ചിന്തിക്കുമ്പോള്‍ ബാപ്പുട്ടി ഹാജിയെ പോലുള്ളവരുടെ ശ്രമങ്ങള്‍ മനസ്സില്‍ വരും. ഒരു ചെറിയ ഗ്രാമത്തില്‍നിന്നും ലോക നിലവാരത്തിലുള്ള ഒരു യൂണിവേഴ്സിറ്റി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ്. ഫാപിന്‍സിന്റെ ഹിക്മ കോഴ്‌സ് കൂടുതല്‍ ജനകീയമാക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഞങ്ങളുടെ മുന്നില്‍ രണ്ടാ മതൊരുസാധ്യത ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.ദാറുല്‍ ഹുദ ഇസ്ലാമിക്‌യൂണിവേഴ്സിറ്റിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ദാറുല്‍ ഹുദയിലെ പബ്ലിക്ക് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ രൂപംകൊള്ളുകയും അതിന് കീഴിലെ ആദ്യ കോഴ്സായി ഇത് നടപ്പില്‍ വരികയുംചെയ്തതില്‍ ചാര്‍ത്ഥ്യമുണ്ട്. ഫാപിന്‍സ് കര്‍മപഥത്തില്‍ ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഈസന്തോഷവേളയില്‍ മര്‍ഗദര്‍ശികളായ ഈ മഹദ് വ്യക്തികളെ അനുസ്മരിക്കുകയും അവര്‍ക്കായിപ്രാര്‍ഥിക്കുകയും ചെയ്യുകയാണ്.

വി.പി.എം അബ്ദുൽ അസീസ് മാസ്റ്റർ

ഡോ: യു. ബാപ്പുട്ടി ഹാജി

ഡോ: കെ എം അബൂബക്കർ