അവാർഡ് പൊലിവിൽ ഫാപിൻസ്

ഫാപിൻസിൻ്റെ തൊപ്പിയിലെ ഒരു പൊൻ തൂവലാണ് ചെയർമാൻ സി.ടി.അബ്ദുൾ ഖാദറിന് ലഭിച്ച, സംസ്ഥാനത്തെ ഏറ്റവും മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ്. മുൻ കേന്ദ്രമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും ആഗോള പൗരനുമായിരുന്ന മർഹൂം ഇ.അഹ്മദ് സാഹിബിൻ്റെ നാമധേയത്തിൽ, കാഞ്ഞങ്ങാട് ഇ.അഹ്മദ് പഠന കേന്ദ്രം ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എ.ജി.സി.ബശീർ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനായിരുന്ന അഡ്വ.എൻ.എ.ഖാലിദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ''വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം തള്ളപ്പെടുന്ന മുസ്ലിം സമുദായത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും മറ്റ് സമുദായങ്ങൾക്കൊപ്പം ചുമലൊപ്പിച്ച് നിർത്തുന്നതിനും അത് വഴി ഈ സമൂഹത്തെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഞങ്ങൾ ഇ.അഹ്മദ് സ്മാരക അവാർഡ് അദ്ദേഹത്തിന് നൽകുന്നത് '' എന്നാണ് ജൂറി പ്രസ്താവിച്ചത്. ഫാപിൻസിൻ്റെ സേവനങ്ങളും ജൂറി പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. '' സി.ടി.അബ്ദുൾ ഖാദർ മുൻകയ്യെടുത്ത് തൃക്കരിപ്പൂർ തങ്കയത്ത് തുടങ്ങി വെച്ച 'ഫാപിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസിറ്റീവ് ഹെൽത്ത് ആൻ്റ് സൈകോളജിക്കൽ സൊല്യൂഷൻസ്' എന്ന സ്ഥാപനം മാനസികാരോഗ്യ രംഗത്ത് വലിയ സേവനങ്ങളാണ് നൽകി വരുന്നത്. അതോടെപ്പം വിദ്യാർത്ഥികളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ സ്ഥാപനം ഒരു കൗൺസിലിങ് സെൻ്ററായി പ്രവർത്തിക്കുന്നു. പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാൻ ലേണിങ് ക്ലിനിക്കും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഫാപിൻസിൽ ആരംഭിച്ച പി.ജി.ഡിപ്ലോമ ഇൻ ലേണിങ് ഡിസബ്ലിറ്റി, പി.ജി.ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി എന്നീ കോഴ്സുകൾ സി.ടി.യുടെ ശ്രമഫലമായി ഉണ്ടായതാണ്. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഫാപിൻസിൻ്റെ 'ഹിക്മ ' ഇമാം എംപവർമെൻ്റ് കോഴ്സും പ്രീ മാരിറ്റൽ, പാരൻ്റിങ് കോഴ്സുകളും ശ്രദ്ധേയമായ പദ്ധതികളാണ്.'' കാഞ്ഞങ്ങാട് നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച് എം.പി.അബ്ദുസ്സമദ് സമദാനി എം.പി.യാണ് അവാർഡ് കൈമാറിയത്.